മീറ്റിനു കൊടിയിറങ്ങി - ബഹറിന്‍ മീറ്റ്-2010
ഇന്നലെ (08-01-2010-വെള്ളിയാഴ്ച) ഗുദൈബിയയിലെ സൌത്ത് പാര്‍ക്ക് റെസ്റ്റോറന്റില്‍ വെച്ചു നടന്ന ബഹറിന്‍ ബൂലോഗമീറ്റ്-2010 ഗംഭീര വിജയം. ബഹറിനിലെ ഒട്ടുമിക്ക ബ്ലോഗേഴ്സും ഒത്തു ചേര്‍ന്ന സൌത്ത് പാര്‍ക്കിലെ ഹാള്‍, മീറ്റു തുടങ്ങുന്നതിനു നിശ്ചയിച്ചിരുന്നതിനേക്കാള്‍ അരമണിക്കൂര്‍ മുന്‍പു തന്നെ പ്രതീക്ഷിച്ചതിലധികം പേരെകൊണ്ട് നിറഞ്ഞിരുന്നു. മീറ്റിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായ നട്സ് പ്രതീക്ഷിച്ച മുഴുവന്‍ പേരും എത്തിച്ചേരുമോ എന്ന ടെന്‍ഷനില്‍ നിന്നും പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ എത്തിച്ചേര്‍ന്നതിന്റെ ആഹ്ലാദത്തിലാണ് മീറ്റിന്റെ പ്രധാന പരിപാടിക്രമങ്ങളിലേക്ക് കൃത്യം 8 നു തന്നെ രംഗപ്രവേശം ചെയ്യപ്പെട്ടത്.
ബഹറിന്‍ ബ്ലോഗറായ ടി.എസ് നദീറിന്റെ പിതാവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് 2 മിനുട്ട് മൌനാചരണത്തോടെയായിരുന്നു പരിപാടികളുടെ തുടക്കം. തുടര്‍ന്ന് പുതുതായി മീറ്റിനു വരുന്ന ബ്ലോഗര്‍മാര്‍ക്കു വേണ്ടി പരസ്പരം പരിചയപ്പെടുത്തലും അതിനു ശേഷം ബ്ലോഗര്‍മാരാല്‍ നയിക്കപ്പെടുന്ന സേവ് മുല്ലപ്പെരിയാര്‍ ആശയത്തിനോട് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് 8 മിനിട്ട് ദൈര്‍ഘ്യം വരുന്ന വീഡിയോക്ലിപ്പ് പ്രദര്‍ശിപ്പിക്കലും നടന്നു. മറ്റു വേദികളില്‍ മുല്ലപ്പെരിയാര്‍ ഇഷ്യു ചര്‍ച്ചചെയ്യപ്പെടുന്നതിനും ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും വേണ്ടി ബൂലോകത്തിന് എന്തു ചെയ്യാനാകുമെന്നതിനെക്കുറിച്ച് ചര്‍ച്ചയും ഉണ്ടായി.
മലയാളത്തിലേക്ക് ഒരു പുതിയ വെബ്സൈറ്റുകൂടി വരുന്നതിന്റെ ഔപചാരിക ഉദ്ഘാടനത്തിനുകൂടി ബഹറിന്‍ മീറ്റ്-2010 വേദിയായി. സാജുവിന്റെ ബ്ലോഗ്ഗായ ‘മൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍’ ആണ് ഇനി പുതിയ ഡൊമൈനില്‍ http://nattapiranthukal.com/ എന്ന അഡ്രസില്‍ ലഭ്യമാകുക.
ഈ വര്‍ഷത്തെ ജാലകം അവാര്‍ഡ് ലഭിച്ച നചികേതിന്റെ കഥയും(അവര്‍ക്കിടയില്‍...?) ബാജിയുടെ കഥാസമാഹാരവും അവലോകനം ചെയ്തു കൊണ്ട് ശ്രീ പ്രശാന്ത് സംസാരിച്ചു.തുടര്‍ന്ന് ഗസല്‍ സംഗീത വിരുന്നും, കൊച്ചു കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച കവിതകളും നാടന്‍പാട്ടും സിനിമാപാട്ടുകളും കൊണ്ട് ഹാള്‍ സംഗീതമുഖരിതമാകുകയായിരുന്നു. മീറ്റിനും ഈറ്റിനും ഒടുവില്‍ 10.30 മണിയോടെ പലരും സ്ഥലം വിടാന്‍ തുടങ്ങിയെങ്കിലും യഥാര്‍ത്ഥമീറ്റ് ആരംഭിച്ചത് പിന്നീടായിരുന്നു എന്നു പറയാം. പാട്ടുകാര്‍ക്കും കേള്‍വിക്കാര്‍ക്കും ഇടയിലുണ്ടായിരുന്ന സ്റ്റേജിന്റെ വ്യത്യാസം ഇല്ലാതാകുകയും വട്ടം ചേര്‍ന്നിരുന്ന് എല്ലാവരും പാട്ടിന്റെ ഭാഗമായി മാറുകയുമായിരുന്നു പിന്നീട്. മണിക്കൂറുകള്‍ പിന്നിട്ടു. ഹാള്‍ ഒഴിഞ്ഞു കൊടുക്കേണ്ടതുകൊണ്ട് സമയത്തെ തടഞ്ഞു നിര്‍ത്താന്‍ കഴിയാത്തതിന്റെ സങ്കടത്തിലായിരുന്നു 12.30 ഓടെ പിരിഞ്ഞു പോകുമ്പോള്‍ ഓരോരുത്തരും. നിബു-സിംസി ദമ്പതിമാര്‍, രാജഗോപാല്‍, സദാക്കത്ത്, അഖിലേഷ്(വയലിന്‍), മനോജ് തുടങ്ങി നട്ടപ്പിരാന്തന്‍(സാജു) വരെ പാട്ടിന്റെ വഴിയില്‍ മികച്ച ഫോമിലായിരുന്നു.
നട്ടപ്പിരാന്തന്‍ പാടുന്നു
മറ്റു പാട്ടുകാര്‍
മീറ്റിനിടെ ചില നിമിഷങ്ങള്‍
കൂടുതല്‍ പടങ്ങള്‍ ഇവിടെ
റിപ്പോര്‍ട്ട് ഇവിടെ
















